ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയെ അവഹേളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോടാണ് പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി.
ഞായറാഴ്ച ഗാസിയാബാദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ വ്യോമസേനയെ മോദിയുടെ സൈന്യം എന്ന് വിശേഷിപ്പിച്ചായിരുന്നു യോഗിയുടെ പ്രസംഗം. വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ചായിരുന്നു യോഗിയുടെ ‘മോദിജിയുടെ സൈന്യം’ പരാമര്‍ശം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍ രംഗത്തെത്തിയിരുന്നു.