തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍

Jaihind Webdesk
Monday, April 15, 2024

 

കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. ഇന്നും നാളെയുമായി വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പ്രചാരണപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് തുടക്കമാവുക.

ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട്ട് യുഡിഎഫ് മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. വൈകുന്നേരം 5.30 ന് കടപ്പുറത്താണ് പരിപാടി. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവർക്ക് വേണ്ടി രാഹുല്‍ ഗാന്ധി വോട്ടഭ്യർത്ഥിക്കും. സ്ഥാനാർത്ഥികൾക്കൊപ്പം കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍, യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയർമാന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ്. നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോൺ തുടങ്ങിയവരും തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.

16ന് മടങ്ങുന്ന രാഹുല്‍ ഏപ്രില്‍ 18 ന് വീണ്ടും കേരളത്തിലെത്തും. 18-ന് രാവിലെ 10 മണിക്ക് കണ്ണൂരും വൈകിട്ട് 3 മണിക്ക് പാലക്കാടും 5 മണിക്ക് കോട്ടയം പാര്‍ലമെന്‍റ് നിയോജക മണ്ഡലങ്ങളിലെ സമ്മേളനങ്ങളിലും രാഹുല്‍ പങ്കെടുക്കും. ഏപ്രില്‍ 22-ന് രാവിലെ 10 മണിക്ക് തൃശൂരും വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തും 5 മണിക്ക് ആലപ്പുഴയിലുമുള്ള റാലികളിലും അദ്ദേഹം പങ്കെടുക്കും.