തിരഞ്ഞെടുപ്പ് വിശകലനം; ജൂണ്‍ ഒന്നിന് യോഗം വിളിച്ച് ഇന്ത്യാ സഖ്യം

Jaihind Webdesk
Monday, May 27, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നോടിയായി യോഗം വിളിച്ച് ഇന്ത്യാ സഖ്യം. ജൂൺ ഒന്നിന് ഡൽഹിയിലാണ് യോഗം. സർക്കാർ രൂപീകരണം അടക്കമുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. സർക്കാർ രൂപീകരണവും തിരഞ്ഞെടുപ്പ് അവലോകനവുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

തിരഞ്ഞെടുപ്പ് അവലോകനത്തിനും ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാനാണ് ഇന്ത്യ സഖ്യം യോഗം വിളിച്ചിരിക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടന്ന എല്ലാ ഘട്ടത്തിലും ഇന്ത്യ സഖ്യം മികച്ച മുന്നേറ്റം നടത്തിയെന്ന വിലയിരുത്തലിലാണ് നേതാക്കൾ. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കൾ അടുത്ത സർക്കാർ രൂപീകരണം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. 28 പാർട്ടി നേതാക്കളാണ് ഇന്ത്യാ സഖ്യത്തിലുള്ളത്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന പൊതു വിലയിരുത്തലാണ് ഉള്ളത്. കേവല ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ബിജെപി അട്ടിമറിക്ക് ശ്രമിക്കുമെന്ന വിലയിരുത്തലും പ്രതിപക്ഷം നടത്തുന്നു. ഈ സാഹചര്യവും യോഗം വിലയിരുത്തും. വോട്ടെടുപ്പിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകും.