തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് വൃദ്ധ മരിച്ചതായി ആരോപണം. കഴിഞ്ഞദിവസം ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണ് മരിച്ചത്. ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഡോക്ടർ രക്ത പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു. സാമ്പിൾ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നേഴ്സുമാർ തയ്യാറായില്ലെന്നാണ് ആരോപണം. ആശുപത്രിയിലെ എസിആർ ലാബിനെതിരെയും ആരോപണമുയർന്നിട്ടുണ്ട്. പടികൾ കയറിവന്ന് സാമ്പിൾ എടുക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതായി മരിച്ച ഗിരിജയുടെ മകൻ പറഞ്ഞു. രക്ത പരിശോധനയ്ക്ക് സാമ്പിൾ എടുത്തത് രാത്രി ഏറെ വൈകിയാണെന്ന് കണ്ടെത്തി. പുലർച്ചയോടു കൂടി ഗിരിജ കുമാരി മരിക്കുകയായിരുന്നു.