Idukki| ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; അച്ഛന്റെ സഹോദരി കസ്റ്റഡിയില്‍

Jaihind News Bureau
Saturday, October 25, 2025

 

ഇടുക്കി: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (63) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുകുമാരന്റെ അച്ഛന്റെ സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുകുമാരനെ ആക്രമിച്ച ശേഷം പ്രതിക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാല സ്വദേശിനിയായ ഇവര്‍ ഏകദേശം 15 ദിവസം മുന്‍പാണ് സുകുമാരന്റെ വീട്ടില്‍ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിരന്തരമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ സുകുമാരനെതിരെ ഇവര്‍ പൊലീസില്‍ കേസും നല്‍കിയിരുന്നു.

ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.