കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നല്‍കാന്‍ ശ്രമിച്ച വയോധികനെ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തള്ളിമാറ്റി. കോട്ടയം പള്ളിക്കത്തോടില്‍ സുരേഷ് ഗോപിയുടെ കലുങ്ക് സഭ പരിപാടിക്ക് ശേഷം മടങ്ങുമ്പോഴാണ് സംഭവം.
തന്റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പള്ളിക്കത്തോട് സ്വദേശിയായ വയോധികന്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിലേക്ക് ചാടി വീണത്. വാഹനം തടഞ്ഞ ഇയാള്‍ ഉറക്കെ വിളിച്ച് സംസാരിക്കുകയും സൈഡ് ഗ്ലാസിനടുത്തെത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കാറിന്റെ ഗ്ലാസ് തുറന്നില്ല.
ഇതുകണ്ട് ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഇയാളെ തടഞ്ഞു. നിവേദനവുമായി വന്ന വ്യക്തിയെ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് തള്ളിമാറ്റുകയായിരുന്നു. കൂടുതല്‍ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് എത്തിയതോടെ നിവേദനം നല്‍കാനെത്തിയയാള്‍ കരഞ്ഞുകൊണ്ട് പിന്മാറി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയും വയോധികനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പറഞ്ഞയക്കുകയും ചെയ്തു.