രാഹുല്‍ ഗാന്ധിക്ക് തന്‍റെ മുഴുവന്‍ സ്വത്തുക്കളും എഴുതി നല്‍കി 78 വയസ്സുകാരി

Jaihind Webdesk
Tuesday, April 5, 2022


സ്വന്തം പേരിലുള്ള മുഴുവന്‍ സ്വത്തുക്കളും  രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റി 78  വയസുകാരി പുഷ്പ മുന്‍ജിയാല്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ഇവർ തന്‍റെ 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.

രാഹുലിന്‍റെ  ആശയങ്ങള്‍ തന്നെ സ്വാധീനിച്ചു. തന്‍റെ പേരിലുണ്ടായിരുന്ന  വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിക്ക് നല്‍കിക്കൊണ്ട് പുഷ്പ മുന്‍ജിയാല്‍ ഡെറാഡൂണ്‍ കോടതിയില്‍ വില്‍പത്രം സമര്‍പ്പിച്ചു. രാഹുലിനെ രാജ്യത്തിന് ആവശ്യമുണ്ടെന്നും സ്വത്ത് കൈമാറിക്കൊണ്ട് പുഷ്പ പറഞ്ഞു.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഈ രാജ്യത്തിന്‍റെ  ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാഷ്ട്ര സേവനത്തിനായി സ്വയം സമര്‍പ്പിച്ചവരാണ്.
രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് തന്‍റെ സ്വത്ത് അദ്ദേഹത്തിന് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്‍റെ വസതിയിലെത്തിയാണ് പുഷ്പ മുഞ്ജിയാല്‍ തന്‍റെ സ്വത്ത് രാഹുല്‍ ഗാന്ധിയുടെ പേരിലാക്കിയ വില്‍പ്പത്രം നല്‍കിയത്