
ന്യൂ ഡല്‍ഹി: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വി.കെ ശ്രീകണ്ഠന്‍ എം.പിയെ അറിയിച്ചു. കേന്ദ്രമന്ത്രി ഓഫീസിയില്‍ നിന്ന് ഇതു സംബന്ധിച്ച വിശദീകരണം ലഭിച്ചതായി എംപി അറിയിച്ചു.
എലപ്പുള്ളി പഞ്ചായത്തില്‍ 6 ഏക്കര്‍ കൃഷിഭൂമി ഉള്‍പ്പെടെയുള്ള 26 ഏക്കര്‍ സ്ഥലത്ത് ബ്രൂവറി അനുവദിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം അവിടത്തെ കൃഷിയെയും, ജലലഭ്യതയെയും ഗുരുതരമായി ബാധിക്കുമെന്നു വ്യക്തമാണ് . പരിസ്ഥിതി പഠനം പോലും നടത്താതെയാണ് ഇപ്പോള്‍ ബ്രൂവറി സ്ഥാപിക്കുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. അതിനാല്‍ ജലക്ഷാമം, കൃഷിനാശം, പരിസ്ഥിതിനാശം എന്നീ മൂന്ന് കാരണങ്ങളാല്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഈ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠന്‍ എം.പി ലോക്സഭയില്‍ അവതരിപ്പിച്ച വിഷയത്തില്‍ മറുപടി ആയിട്ടാണ് കേന്ദ്ര മന്ത്രി കത്ത് നല്‍കിയത്. ചട്ടം 377 പ്രകാരമാണ് എംപി വിഷയ അവതരണം നടത്തിയത്.