മനുഷ്യമാംസ വില്‍പന, അവയവ കച്ചവടം? നിഗൂഢതകളുടെ ചുരുളഴിയാതെ ഇലന്തൂർ നരഹത്യ

Jaihind Webdesk
Monday, October 17, 2022

പത്തനംതിട്ട: ഇരട്ട നരബലിയിൽ പ്രതികളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഷാഫി ദമ്പതികളിൽ നിന്ന് 6 ലക്ഷം രൂപ കൈക്കലാക്കി. ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചത് ഷാഫിയുടെ നിർദേശപ്രകാരമെന്ന് ലൈല മൊഴി നല്‍കി. അവയവ കച്ചവട ശ്രമം നടന്നോ എന്നതും പോലീസ് അന്വേഷിക്കും.

പത്തനംതിട്ട ആനപ്പാറ സ്വദേശിനിയേയും ഷാഫി ഭഗവൽ സിംഗിന്‍റെ വീട്ടിൽ എത്തിച്ചിരുന്നു. ഇതും കൊലപ്പെടുത്തുവാനെന്ന സംശയമാണ് ഉയർത്തുന്നത്. 2 തവണകളായി 6 ലക്ഷം രൂപ ഷാഫി ദമ്പതികളിൽ നിന്ന് കൈക്കലാക്കി. മനുഷ്യ മാംസം വാങ്ങുവാൻ ആള് വരുമെന്നും 20 ലക്ഷം രൂപ ലഭിക്കുമെന്നും ദമ്പതികളോട് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ഇലന്തൂരിലെത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചേക്കും.

ഇന്നലെ രാത്രി 9 മണിയോടെ ഇലന്തൂരിലെ പരിശോധനകൾ പൂർത്തിയാക്കി. 6 മണിയോട് തന്നെ ഭഗവൽ സിംഗിന്‍റെ ഒന്നര ഏക്കറോളം പുരയിടത്തിലെ പരിശോധന പൂർത്തിയാക്കി. നിർണ്ണായകമായതും ഞെട്ടിക്കുന്നതുമായ ചില തെളിവുകൾ കണ്ടെത്തി. കെമിക്കൽ പരിശോധനയിൽ വീട്ടിൽ നിന്നും രക്തക്കറ കണ്ടെത്തി. പഴകിയതും അധികം പഴക്കമില്ലാത്തതുമായ രക്തക്കറകൾ കണ്ടെത്തി. ഇത് കൊലപ്പെടുത്തിയവരിൽ ആരുടേതാണെന്ന പരിശോധന നടത്തും. ഭഗവൽ സിംഗിന്‍റെ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തിൽ നിന്ന് നാല് കത്തികൾ കണ്ടെത്തി. കൂടാതെ വായ മൂടിക്കെട്ടുവാൻ ഉപയോഗിച്ച പ്ലാസ്റ്ററും കണ്ടെത്തി. ശരീരാവശിഷ്ടങ്ങൾ കത്തിച്ചതിനും തെളിവുകൾ ലഭിച്ചു. പരിശോധനയിൽ കുടുതൽ മൃതദേഹങ്ങൾ ഇല്ലെന്നാണ് സൂചന. മൃതദേഹങ്ങൾ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തിൽ വെച്ച് ലൈലയും ഭഗവൽ സിംഗും ചേർന്നാണ് വെട്ടിനുറുക്കിയത് എന്ന് മൊഴി നൽകി. കൊലപാതകത്തിന് ശേഷം ഷാഫി പുറത്തേക്ക് പോയി. 10 കിലോ മനുഷ്യ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തി. 10 കിലോ മാംസം കുക്കറിൽ വേവിച്ചതായും പ്രതികൾ മൊഴി നൽകി.

സ്ത്രീ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്കരിച്ചു. മൂന്ന് പ്രതികളെയും വെവ്വേറെയാണ് എത്തിച്ചത്. ഷാഫിയും ഭഗവൽ സിംഗും മാംസം ഭക്ഷിച്ചു. കട്ടിലിൽ നിന്നും ഭിത്തിയിൽ നിന്നും തറയിൽ നിന്നും രക്തക്കറകൾ കണ്ടെത്തി. യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷാഫി നിന്നത്. വീട്ടുവളപ്പിൽ രണ്ട് കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയിൽ പറമ്പിൽ മറ്റ് മൃതദേഹങ്ങൾ ഇല്ലെന്ന് വിലയിരുത്തുന്നു. പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. പരിശോധനകൾ തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.