മഹാരാഷ്ട്രയില്‍ വീണ്ടും നാടകീയത; ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ 7.30ന്

Jaihind Webdesk
Thursday, June 30, 2022

മുംബൈ: മാറിമറിഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന്  വൈകിട്ട് 7.30 നാകും  സത്യപ്രതിജ്ഞ.  നാടകീയമായ നീക്കത്തിലൂടെയാണ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത്.

നേരത്തെ ഫഡ്‌നാവിസും ഷിന്‍ഡെയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടിരുന്നു.  മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്‌നാവിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇരുവരും ഗവര്‍ണറെ കണ്ടത്. വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജി പ്രഖ്യാപിച്ചിരുന്നു.

നിയമസഭയിൽ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദേശം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചത്. രണ്ടു വർഷവും 213 ദിവസവും ഭരണത്തിൽ തുടർന്ന ഉദ്ധവ് സർക്കാരിനു 10 ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് അധികാരം നഷ്ടമായത്.