മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍; ഷിന്‍ഡെ മുഖ്യമന്ത്രി, ഫഡ്നാവിസ് ഉപമുഖ്യമന്ത്രി

Jaihind Webdesk
Thursday, June 30, 2022

 

മുംബൈ : രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയമായി മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍അധികാരമേറ്റു. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ടെയില്‍ എന്‍ഡ് ട്വിസ്റ്റില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. സര്‍ക്കാരിന്‍റെ ഭാഗമാവില്ലെന്ന പ്രഖ്യാപനം തിരുത്തിയാണ് അവസാനഘട്ടത്തില്‍ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായത്.

രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ. സർക്കാരിന്‍റെ ഭാഗമാകില്ലെന്നും ഇത് ഏക്നാഥ് ഷിൻഡേയുടെ സർക്കാരാണെന്നുമായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. ദേശീയ നേതാവ് ജെ.പി നദ്ദയാണ് ഫഡ്നാവിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഉദ്ദവ് താക്കറെ മന്ത്രിസഭയില്‍  നഗര വികസന മന്ത്രി ആയിരുന്ന ഏക്നാഥ്‌ ഷിൻഡെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ബിജെപിയുടെ ഹീനതന്ത്രത്തിന്‍റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് മഹാരാഷ്ട്ര.