കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഇടിമിന്നലേറ്റ് എട്ടു പേർക്ക് പരിക്ക്. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് സൗത്ത് ബീച്ചിൽ മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. എല്ലാവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഷ്റഫ് എന്നയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവിൽ അഷ്റഫ് (49), തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17), മുനാഫ് (47), എൻ.പി.സുബൈർ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീർ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവരെയാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഷ്റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്.
കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.