യുഎഇയില്‍ വിവാഹ വിരുന്നില്‍ പങ്കെടുത്ത എട്ടു പേര്‍ക്ക് ജയിലില്‍ ശിക്ഷ : വീടുകളിലെ ഒത്തുചേരലിന് ഇനി 10 പേര്‍ മതി ; കൊവിഡ് സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു

ദുബായ് : യുഎഇയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, നിയമം ലംഘിച്ച് വിവാഹ വിരുന്നില്‍ പങ്കെടുത്ത എട്ടുപേരെ ജയിലില്‍ അടച്ചു. ഇതോടെ, രാജ്യത്ത് വീണ്ടും പിഴകളും ശിക്ഷാനടപടികളും കൂടുതല്‍ കര്‍ശനമാക്കുകയാണെന്ന് വ്യക്തമാകുന്നു.

യുഎഇയില്‍ ഒരു ചെറിയ ഇടവേളക്ക് ശേഷം, കൊവിഡ് സുരക്ഷാ മാനദണ്ഡം കര്‍ശനമാക്കിയിരിക്കുകയാണ്. ഇതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍, 10 പേരില്‍ കൂടുതല്‍, പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ചെറിയ ഒത്തുചേരല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം 24 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം. രണ്ടു ആഴ്ചയ്ക്കിടെ വര്‍ധിച്ച പോസിറ്റീവ് കേസുകളില്‍ 88% ഒത്തുചേരലിലൂടെയും 12% ക്വാറന്‍റീന്‍ ലംഘിച്ചതിലൂടെയും ആണെന്നു കണ്ടെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിയമം വീണ്ടും കടുപ്പിച്ചത്.

അതേസമയം, നിയമം ലംഘിച്ച് വിവാഹ വിരുന്നില്‍ പങ്കെടുത്ത എട്ടുപേരെ ജയിലില്‍ അടച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിലും വടക്കന്‍ നഗരമായ റാസല്‍ഖൈമയിലുമാണ് സംഭവം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വിവാഹ വിരുന്നില്‍ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയായി ഗവണ്‍മെന്‍റ് കണക്കാക്കുകയാണ്. വിരുന്ന് സംഘടിപ്പിച്ചാല്‍ 10,000 ദിര്‍ഹവും അതിഥികളായി പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും, 5000 ദിര്‍ഹവുമാണ് പിഴയെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

Comments (0)
Add Comment