യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സിലിനായി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ഇടപെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. യമനിലെ പ്രധാന സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തരം നോര്‍ത്ത് യമന്‍ ഭരണകൂടവുമായി സംസാരിച്ചു. നിമിഷ പ്രിയയുടെ കുടുംബവുമായും എപി അബൂബക്കര്‍ മുസ്ലിയാര്‍ ബന്ധപ്പെട്ടു.
2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള സാധ്യതയാണ് പണ്ഡിതര്‍ മുഖാന്തരം തേടുന്നതെന്ന് മര്‍ക്കസ് അറിയിച്ചു. നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.