തിരുവനനന്തപുരം: പുരോഗമനാശയങ്ങളുടെ കാര്യത്തില്‍ ബോധമുദിക്കാന്‍ സിപിഎമ്മിന് കുറഞ്ഞത് 10-15 വര്‍ഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്നും ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പുരോഗമനപരമായ ചിന്തയില്‍ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നില്‍ നില്‍ക്കുന്ന ഈ പ്രസ്ഥാനം സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാള്‍ വലിയ സെല്‍ഫ് ട്രോള്‍ രാഷ്ട്രീയത്തിലില്ല എന്നും അദ്ദേഹം പരിഹസിച്ചു.
കമ്പ്യൂട്ടറും ട്രാക്ടറും മുതല്‍ എക്‌സ്പ്രസ് വേ വരെ സംസ്ഥാനത്തു വന്ന ഓരോ വികസനത്തെയും മുന്നില്‍ നിന്നെതിര്‍ത്ത് കേരളത്തെ വികസനത്തില്‍ വര്‍ഷങ്ങള്‍ പിന്നോട്ടടിച്ച ചരിത്രമാണ് സിപിഎമ്മിന്റേത്. ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണങ്ങളില്‍ മറ്റൊന്നാണ് സീപ്‌ളെയിന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു വന്ന ഈ ടൂറിസം പദ്ധതിയെ എതിര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയിട്ട് പത്തു വര്‍ഷത്തിനു ശേഷം തങ്ങളുടെ നേട്ടമായി അവതരിപ്പിക്കാന്‍ പറ്റുന്ന തൊലിക്കട്ടി ലോകത്ത് സിപിഎമ്മിന് മാത്രമേ ഉണ്ടാവൂ.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കാനായി സ്വകാര്യസര്‍വകലാശാലകളെയും വിദേശ സര്‍വകലാശാലകളെയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ സമരകലാപം അഴിച്ചു വിട്ടവരാണിവര്‍. അന്ന് എസ്എഫ്‌ഐ ഗുണ്ടകള്‍ കരണത്തടിച്ചു വീഴ്ത്തിയ അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസന്റെ കാല്‍ തൊട്ടു മാപ്പപേക്ഷിച്ചു വേണം ഈ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍.
പത്തുവര്‍ഷം മുമ്പ് സിപിഎം ഈ നീക്കം എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള ഇത്രയേറെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിദേശരാജ്യങ്ങളില്‍ പോകേണ്ടി വരില്ലായിരുന്നു. രാജ്യത്തിന് കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം സംരക്ഷിക്കാമായിരുന്നു.
ഉന്നത വിദ്യാഭ്യാസ വികസനത്തിനു വേണ്ടി കൊണ്ടുവരുന്ന ഈ ബില്ലിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു. കാരണം ഇത് ആത്യന്തികമായി ഒരു യുഡിഎഫ് ബ്രെയിന്‍ ചൈല്‍ഡ് ആണ്. പക്ഷേ ഈ ബില്‍ കണ്ണുമടച്ച് പിന്തുണയ്ക്കുന്നില്ല. രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഇത് ഒരു വിദ്യാഭ്യാസ കച്ചവടമായി മാറാന്‍ പാടില്ല. രണ്ട്, സമാനമായ നിലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടി പഠിച്ച ശേഷം അത്തരം പ്രതിസന്ധികള്‍ ഒഴിവാക്കി വേണം ഇത് നടപ്പാക്കാന്‍.
അതോടൊപ്പം തന്നെ സംവരണം അടക്കം ഭരണഘടന ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ അവകാശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്നുറപ്പ് വരുത്തണം. ഇതിനായി ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണം. സ്വകാര്യ സര്‍വകലാശാലകള്‍ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വേര്‍തിരിവ് വര്‍ധിപ്പിക്കാനുതകുന്നത് മാത്രമാകരുത്. എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതും സംസ്ഥാനത്തിന്റെ സാര്‍വത്രിക വിദ്യാഭ്യാസ വികസനത്തിന് സഹായിക്കുന്നതുമാകണം – ചെന്നിത്തല പറഞ്ഞു.