ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി ടി.എൻ പ്രതാപൻ എം പിയുടെ എഡ്യു കെയർ പദ്ധതി

Jaihind News Bureau
Friday, July 17, 2020

തൃശൂർ പാർലമെന്‍റ് മണ്ഡലത്തിൽ ടി.എൻ പ്രതാപൻ എം പി നടപ്പിലാക്കുന്ന എഡ്യു കെയർ പദ്ധതി വിജയകരമായി മുന്നേറുന്നു. ഇതുവരെ ആയിരം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ ഓൺലൈൻ പഠന സൗകര്യം ഒരുക്കി. ആയിരത്തി ഒന്നാമത്തെ ടെലിവിഷൻ നടൻ ടൊവിനോ തോമസ് ടി.എൻ പ്രതാപൻ എംപിക്ക് കൈമാറി.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ, ടാബ്‍ലറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ സമ്മാനമായി നൽകുന്നതാണ് അതിജീവനം “എംപീസ് എഡ്യുകെയർ “ പദ്ധതി. ഇതുപ്രകാരം പാർലമെന്‍റ് മണ്ഡലത്തിൽ ആയിരം ടെലിവിഷനുകൾ നൽകി കഴിഞ്ഞു. ആയിരത്തി ഒന്നാമത്തെ ടെലിവിഷൻ ചലച്ചിത്രതാരവും എംപീസ് എഡ്യുകെയർ പദ്ധതി ഗുഡ്‌വിൽ അംബാസിഡറുമായ ടോവീനോ തോമസ് ടി എൻ പ്രതാപൻ എംപിക്ക് കൈമാറി.

വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക് പ്രകാരം ജില്ലയിൽ പതിനായിരത്തി പത്തൊൻപതു പേർക്കാണ് ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്നത്. വരന്തരപ്പിള്ളിയിലെ എച്ചിപ്പാറ ആദിവാസി കോള നിയിലെ വിദ്യാർത്ഥിനിക്ക് ആദ്യ ടെലിവിഷൻ സമ്മാനിച്ച് ജൂൺ ഏഴിന് എംപീസ് എഡ്യുകെയർ പദ്ധതി ആരംഭിച്ചു. എംപിയുടെ ശമ്പളം ഉപയോഗിച്ചാണ് ആദ്യം ടെലിവിഷനുകൾ വാങ്ങി തുടങ്ങിയത്. പിന്നീട് “എഡ്യുകെയർ” പദ്ധതിയിൽ നിരവധി പ്രശസ്ത വ്യക്തികൾ പങ്കാളികളായി. മലയാള സിനിമാ താരങ്ങളായ ബിജുമേനോൻ-സംയുക്തവർമ്മ ദമ്പതികൾ, മഞ്ജുവാര്യർ, സ്വകാര്യ – സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾ തുടങ്ങിയവരും ടെലിവിഷനുകൾ നൽകി.

https://youtu.be/QpfAOw-otBI