തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത 100ലേറെ പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ല; രാഷ്ട്രീയക്കളിയെന്ന് ആരോപണം

Jaihind Webdesk
Friday, May 10, 2019

കോഴിക്കോട് ജില്ലയിലെ വിവിധ ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന നൂറിലധികം പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ട് രേഖപ്പെടുത്താനായില്ല. ചീഫ് ഇലക്ട്രൽ ഓഫീസർക്കടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂൾ ജീവനക്കാരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത നിരവധി പേർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വോട്ട് ചെയ്യാൻ പറ്റിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഡ്യൂട്ടി ചുമതലയുള്ള ആർ.ഒ.യോട് പരാതിപ്പെട്ടിട്ടുണ്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇതു സംബസിച്ച് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നാണ്. ഇവിടെ മാത്രം 50 ലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്നാണ് പ്രാഥമിക കണക്ക്. കൊടുവള്ളിക്ക് പുറമെ മറ്റിടങ്ങളിലും 100 ഓളം പേർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാനായില്ലെന്നും പരാതിയുണ്ട്. ഇ ഡി സി നിഷേധിച്ചവരുടെ വാട്‌സ് ആപ് കൂട്ടായ്മയിൽ നിരവധി പേർ ഇത്തരത്തിൽ വിവരങ്ങൾ പങ്ക് വയ്ക്കുക്കുന്നുണ്ട്.

ഇ ഡി സി ലഭിക്കുമെന്ന് കരുതി ദിവസങ്ങളോളം കാത്തിരുന്ന ഇവർ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർക്കും പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് ഇവർ ഒടുവിൽ മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു.