‘ബിജെപിയിലായതിനാല്‍ ഇഡി എന്നെ തൊടില്ല’ ; വിവാദ വെളിപ്പെടുത്തലുമായി എംപി

Jaihind Webdesk
Monday, October 25, 2021

 

മുംബൈ : ബിജെപിക്കാരനായതിനാല്‍ തനിക്കെതിരെ ഇഡി അന്വേഷണം ഉണ്ടാകില്ലെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി സഞ്ജയ് പാട്ടീല്‍. പരാമർശം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബിജെപി.

സാംഗ്‌ലിയിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ബിജെപി എംപിയുടെ വിവാദ പ്രസ്താവന. മഹാരാഷ്ട്രയിലെ ഭരണപക്ഷ പാർട്ടികളിലെ നേതാക്കള്‍ക്കെതിരെ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍. ബിജെപിയില്‍ ചേർന്നാല്‍ ആരെയും പേടിക്കാതെ അഴിമതി നടത്താമെന്ന സന്ദേശമാണ് എംപിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്.

ബിജെപിയിലേക്ക് ചേക്കേറിയ ഹർഷവര്‍ധന്‍ പാട്ടീലും മുമ്പ് സമാനമായ പരമാർശം നടത്തിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളില്ലെന്നും സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നുമായിരുന്നു ഹർഷവർധന്‍ പാട്ടീല്‍ പറഞ്ഞത്. ആഢംബര കാര്‍ വാങ്ങാനും മറ്റും എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാം. ആരും അന്വേഷിച്ചുവരില്ല. പാട്ടീല്‍ പറഞ്ഞു.