ഏറെ വിവാദമായ കൊടകര കുഴല്‍പണ ഇടപാടില്‍ പൊലീസിന്റെ അന്വേഷണം തള്ളി എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ ഉള്‍പ്പെട്ടിരുന്ന ബിജെപി നേതാക്കളെ എല്ലാം ഒഴിവാക്കുന്ന കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ചു.
2021 ഏപ്രില്‍ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞടുപ്പ് പ്രചാരണതത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ പുതിയ കുറ്റപത്രം. കേസില്‍ 23 പ്രതികളാണ് ഉള്ളത്. ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു.
പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ തള്ളിയാണ് കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണമാണിതെന്നായിരുന്നു ആരോപണം. ഇത് തെളിവ് സഹിതം പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ച് കള്ളപ്പണ ഇടപാടില്‍ ഇഡി നടത്തിയ അന്വേഷണം പോലീസ് റിപ്പോര്‍ട്ടിനെ അപ്പാടെ നിരാകരിക്കുന്നു. പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം ഹൈവേയില്‍ വച്ച് കൊളളയടിച്ചുവെന്നായിരുന്നു കേസ് . നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂര്‍ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി പോലീസ് സമര്‍പ്പിച്ചു. തൃശ്ശൂര്‍ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.
മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്ക്, അരീഷ്, മാര്‍ട്ടിന്‍, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുള്‍ ഷാഹിദ്, മുഹമ്മദ് ഷുക്കൂര്‍, അബ്ദുള്‍ ബഷീര്‍, അബദുള്‍ സലാം, റഹിം, ഷിജില്‍, അബ്ദുള്‍ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിന്‍ , ദീപ്തി, സുള്‍ഫിക്കര്‍, റഷീദ്, ജിന്‍ഷാമോള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.