സ്വർണ്ണക്കടത്തിലെ എന്‍ഫോഴ്സ്മെന്‍റ് പരാതി പൂഴ്ത്തി പൊലീസ് ; കടുപ്പിക്കാന്‍ ഇഡി

Jaihind Webdesk
Sunday, April 18, 2021

സ്വർണ്ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റിനെതിരായ എഫ്ഐആർ റദ്ദാക്കേണ്ടിവന്നതിന് പിന്നാലെ പൊലീസിന് മേല്‍ സമ്മർദ്ദം കടുപ്പിക്കാന്‍ ഇഡി. കേസുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ പരാതി പൊലീസിന് പൂഴ്ത്തിയിരുന്നു. ഇതില്‍ തുടർനടപടി ആവശ്യപ്പെടാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. സ്വപ്നയ്ക്ക് കാവല്‍ നിന്ന വനിതാ പൊലീസുകാരുടെ സഹായത്തോടെ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന എന്‍ഫോഴ്സ്മെന്‍റിന്‍റെ പരാതിയാണ് പൊലീസ് പൂഴ്ത്തിയത്. കഴിഞ്ഞ മാസമാണ് അട്ടിമറിക്കാന്‍ ശ്രമം ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്‍റ് കത്ത് നല്‍കിയത്. ഈ കത്തില്‍ അന്വേഷണം നടത്തുന്നതിന് പകരം വനിതാ പൊലീസുകാരുടെ മൊഴിയില്‍ എന്‍ഫോഴ്സ്മെന്‍റിനെതിരെ കേസെടുക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്തത്. ഈ എഫ്ഐആർ റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പരാതിയില്‍ തുടർനടപടി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞമാസം 15 നാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ സ്വര്‍ണ്ണക്കടത്ത് കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്സ്മെന്‍റ് വാഗ്ദാനം നൽകിയതായ ശബ്ദരേഖയെക്കുറിച്ചും ഇത്തരത്തില്‍ മൊഴി നല്‍കാന്‍ സ്വപ്നയെ ഇഡി ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയെക്കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ ശബ്ദരേഖ പുറത്ത് വന്നത് വന്‍ഗൂഢാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം. ഫോണിൽ പറയേണ്ട കാര്യങ്ങൾ നേരത്തെ സ്വപ്നയെ ധരിപ്പിച്ച ശേഷം കാവല്‍നിന്ന പൊലീസുകാരി തന്റെ ഫോണിൽ നിന്നു സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചവെന്നും പിന്നീട് സ്വപ്ന പറയുന്നത് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റെക്കോഡ് ചെയ്തുവെന്നുമാണ് എന്‍റഫോഴ്സ്മെന്‍റ് പറയുന്നത്. എന്നാല്‍ ഇഡിക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെ ഡിജിപിക്ക് നല്‍കിയ കത്തില്‍  തുടർനടപടി ആവശ്യപ്പെടാനാണ് ഇഡി ഒരുങ്ങുന്നതെന്നാണ് വിവരം.