മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിയില്‍ സമർപ്പിക്കാന്‍ ഇ.ഡി; കുരുക്കിലാക്കി നിർണായക നീക്കം

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കിലാക്കി ഇ.ഡി നീക്കം.  മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നാ സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മുദ്രവെച്ച കവറിലാകും ഇ.ഡി മൊഴി കൈമാറുക. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പെോലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിന്‍റെ തുടർ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽനിന്നു ബംഗളുരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇ.ഡി സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സ്വപ്നയുടെ രഹസ്യമൊഴി മുദ്ര വെച്ച കവറില്‍ ഇ.ഡി കൈമാറും.

ജൂണ്‍ 6, 7 തീയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സ്വപ്ന തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡിയുടെ നീക്കം.

കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫർ ഹർജി നല്‍കിയിരുന്നു. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. കേസിലെ പ്രതിയായ എം ശിവശങ്കർ സർക്കാർ സംവിധാനത്തില്‍ നിർണായകസ്വാധീനമുള്ള വ്യക്തിയായി തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരെ ശിവശങ്കര്‍ സ്വാധീനിച്ചതായി ഇഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. എന്തായാലും വളരെയധികം കോളിളക്കമുണ്ടാക്കിയ സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രഹസ്യമൊഴി സുപ്രീം കോടതിയില്‍ സമർപ്പിക്കാനുള്ള ഇഡി നീക്കം മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകും.

Comments (0)
Add Comment