മാസപ്പടിയില്‍ വീണയെ ലക്ഷ്യമിട്ട് ഇഡി; ചോദ്യം ചെയ്യലിനായി ഉടന്‍ തന്നെ നോട്ടീസ് അയച്ചേക്കും

Jaihind Webdesk
Saturday, April 13, 2024

 

തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ ദുരൂഹ മാസപ്പടി ഇടപാടിൽമുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനായി വലവിരിച്ച് ഇഡി. വീണാ വിജയന് ഉടനെ നോട്ടീസ് അയക്കാനാണ് ഇഡി നീക്കം. ഇഡിഅന്വേഷണവുമായി സഹകരിക്കാതെ ഒളിച്ചുകളി നടത്തിയ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ ഇഡിക്ക് മുന്നിൽ ഹാജരാകുവാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെയുള്ള നീക്കം ശക്തമാക്കിയ ഇഡി ആദ്യഘട്ടത്തിൽ നോട്ടീസ് അയച്ചത് വീണയ്ക്കും എക്സാലോജിക്കിനുമെതിരെ ആദായനികുതി വകുപ്പിന് നിർണ്ണായക മൊഴി നൽകിയ സിഎംആർഎൽ എംഡിക്കും ജീവനകാർക്കുമായിരുന്നു. എന്നാൽ ഇ ഡി അന്വേഷണത്തോട് സഹകരിക്കാതെ ഇതിനെതിരെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇഡി അന്വേഷണം സ്റ്റേ ചെയ്യാതിരുന്ന ഹൈക്കോടതി ഇവരോട് ഇഡിക്കു മുന്നിൽ ഹാജരാകുവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

വീണയുടെ കമ്പനിയുടെ കരാർ, പണമിടപാട് സംബന്ധിച്ച രേഖകളടക്കം സിഎംആർഎല്ലിനോട് ഹാജരാക്കാൻ ആവശ്യപ്പെട്ട ഇഡി വീണ വിജയനും ഉടൻ നോട്ടിസ് അയയ്ക്കും. എക്സാലോജിക്-സിഎംആർഎൽ ദുരൂഹയിടപാടിൽ വീണയാണ് പ്രധാന ഉന്നമെന്ന് വ്യക്തമാക്കുന്നതാണ് ഇഡി നീക്കങ്ങൾ. സിഎംആർഎല്ലിലെ ഐടി മാനേജർ എൻ.സി. ചന്ദ്രശേഖർ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവർക്കാണ് ഇഡി ആദ്യം നോട്ടീസ് അയച്ചത്. ഐടി സേവനങ്ങളുടെ പേരിലാണ് സിഎംആർഎൽ വീണയ്ക്കും എക്സാലോജിക്കിനും 1.72 കോടി രൂപ നൽകിയത്.

വീണയും കമ്പനിയും സോഫ്റ്റ് വെയർ തലത്തിലോ മറ്റു രീതിയിലോ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും എന്നാൽ മാസാമാസം കരാർ പ്രകാരമുള്ള തുക കൈമാറിയിട്ടുണ്ടെന്നുമാണ് കർത്ത നേരത്തെ ആദായ വകുപ്പിന് മൊഴി നൽകിയത്. വീണയ്ക്കെതിരെ സമാനമായ മൊഴി നൽകിയ മറ്റൊരാൾ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്കുമാറാണ്. രേഖകൾക്ക് പുറമെ മൊഴികൾ ഇഡിക്ക് മുന്നിൽ ഇവർ ആവർത്തിച്ചാൽ വീണയെ ചോദ്യം ചെയ്യാൻ കാലതാമസമുണ്ടാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രതിരോധ തന്ത്രങ്ങളുമായി അണിയറ നീക്കങ്ങളും സജീവമായിട്ടുണ്ട്.