മസാല ബോണ്ടില്‍ ഏഴാം തവണ ഇഡി സമന്‍സ്; ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ എന്ന് തോമസ് ഐസക്ക്

Jaihind Webdesk
Wednesday, March 27, 2024

Thomas-Issac

 

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും നോട്ടീസയച്ച് ഇഡി. ഏപ്രിൽ രണ്ടിന് ഹാജരാകണം. മുമ്പ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും തോമസ് ഐസക്ക് ഹാജരായിരുന്നില്ല. അതേസമയം ഇഡിയെ പേടിയില്ലെന്നും ഇഡിക്ക് മുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കില്‍പ്പൊടിയാക്കുമോ എന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതി കേസ് ചൊവ്വാഴ്ച പരി​ഗണിച്ചിരുന്നു. കിഫ്ബി മസാല ബോഡിന്‍റെ ഫണ്ട് വിനിയോ​ഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇഡി എതിർ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.  അന്വേഷണത്തോട് സഹകരിക്കാത്ത തോമസ് ഐസക്ക് എല്ലാത്തിനെയും വെല്ലുവിളിക്കുകയാണ്. ആറു തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെയും ഇഡി വിമർശിച്ചു. തോമസ് ഐസക്കിന്‍റെ നിലപാട് നിയമവിരുദ്ധമാണെന്നും ഇഡി കോടതിയെ അറിയിച്ചു. കേസ് പരി​ഗണിക്കുന്നത് ഹൈക്കോടതി മെയ് 22-ലേക്ക് മാറ്റി. ഇതിനിടെയാണ് ഇഡി തോമസ് ഐസക്കിന് ഏഴാമത്തെ സമൻസ് അയച്ചിരിക്കുന്നത്.