തളിപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് ഇ.ഡി. മറുപടി പറയണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. കത്തയച്ചത് കേരളത്തിലെ ഒരു കുട്ടി പോലും അറിഞ്ഞില്ല. എന്നാല്‍, മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് നല്‍കിയാല്‍ ലോകം മുഴുവന്‍ വിവരം അറിയുമെന്നും അദ്ദേഹം പരിഹസിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇ.ഡി. നോട്ടീസ് എന്തുകൊണ്ട് സി.പി.എമ്മും പൂഴ്ത്തിവെച്ചു?’ എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. മുഖ്യമന്ത്രിയും കേന്ദ്ര ഏജന്‍സികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ആരോപണങ്ങള്‍ ശക്തമാക്കുന്നതാണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു
ഷാഫി പറമ്പിലില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തെയും കെ.സി. വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഷാഫിക്കെതിരെ നടന്നത് ‘കാട്ടുനീതി’യാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ രക്ഷപ്പെടല്‍ തന്ത്രമാണ് ഷാഫിക്കെതിരായ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.