വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Jaihind Webdesk
Wednesday, June 23, 2021

ന്യൂഡല്‍ഹി :  വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വ്യവസായികളുടെ 18,170 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.

മൂന്നു വ്യവസായികളുടെയും 18,170.02 കോടിയുടെ സ്വത്താണു കണ്ടുകെട്ടിയതെന്ന് ഇഡി ട്വീറ്റ് ചെയ്തു. ഇതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്. ഇതില്‍ 9371 കോടി രൂപയാണ് ഇഡി പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റിയത്. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്‍റെ മൂല്യം. വായ്പാ തട്ടിപ്പ് നടത്തി ഇവര്‍ മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്‌.ഇന്ത്യ വിട്ടു വിദേശങ്ങളിൽ കഴിയുന്ന മൂന്നു പേരെയും തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കേന്ദ്ര സർക്കാർ പറയുന്നു.

യുകെയിലാണു മല്യയും നീരവ് മോദിയുമുള്ളത്. മെഹുൽ ചോക്സി ഡൊമിനിക്കയിലും. മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. 2018 മുതൽ താമസിച്ചിരുന്ന ആന്‍റിഗ്വയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുല്‍ ചോക്സി കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ പിടിയിലായത്. ഇപ്പോൾ അവിടെ ജയിലിലാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.