ഇ.ഡി സംഘം തിരുവനന്തപുരത്ത് തുടരുന്നു ; ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരും

Jaihind News Bureau
Friday, November 6, 2020

 

തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്കെതിരായ ഇ.ഡി പരിശോധന ഇന്നും തുടര്‍ന്നേക്കും. ഇ.ഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും റെയ്ഡ് തുടരാനാണ് നീക്കം. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെടുത്ത തെളിവുകൾ വിലയിരുത്തിയ ശേഷമാവും തുടർ നടപടികള്‍.

ബിനീഷിന്‍റെ ബിനാമി ഇടപാടുകളുടെ പൂർണ്ണവിവരശേഖരണമാണ് ഇ.ഡി ലക്ഷ്യമിടുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത രേഖകളിൽ തുടരന്വേഷണം നടത്താനും ഈ ഡി സംഘം തീരുമാനിച്ചിട്ടുണ്ട്. ബിനീഷിന്‍റെ  മരുതംകുഴിയിലെ വീട്ടിൽ നിന്നും ബാങ്ക് വിവരങ്ങളുടെ രേഖകളും  സുഹൃത്ത് അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിൽ നിന്ന് വസ്തുവിന്‍റെ പ്രമാണമടക്കമുള്ള രേഖകളുമാണ് പിടിച്ചെടുത്തത്. ബിനീഷിന്‍റെ പ്രധാന ബിനാമിയെന്ന് സംശയിക്കുന്ന അബ്ദുൽ ലത്തീഫുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം നടത്താനുമാണ് ഇ ഡി യുടെ തീരുമാനം.

അബ്ദുൽ ലത്തീഫിനോടും, അൽ ജാസം അബ്ദുൽ ജാഫറിനോടും ഇ.ഡിക്കു മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ ചോദ്യം ചെയ്യലിന് മുൻപ് സംശയമുള്ള ഇടപാടുകളിൽ വ്യക്തത തേടാനാണ് ഇ.ഡി ശ്രമിക്കുന്നത്. അനന്തപത്മനാഭന്‍റെ ടോറസ് റമഡീസിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്കും ബിനീഷിന്‍റെയും അൽ ജാസത്തിന്‍റെയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളും ഇ ഡി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതടക്കമുള്ള കാര്യങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ മടങ്ങിപ്പോയ ഉന്നത ഉദ്യോഗസ്ഥർ തിരിച്ചെത്തുമെന്നാണ് സൂചനകൾ.