കണ്ടല ബാങ്ക് ക്രമക്കേടില്‍ ഇഡി റെയ്ഡ്; ഭാസുംരാഗന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍

Thursday, November 9, 2023

 

തിരുവനന്തപുരം: 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെ സിപിഐ പുറത്താക്കി. കണ്ടല ബാങ്കിലും മാറാനല്ലൂരിലെ ഭാസുരാംഗന്‍റെ വസതിയിലും ഇഡി പരിശോധന തുടരുകയാണ്. ഇതിനിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗുരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം ഇന്നു ചേർന്ന ജില്ലാ കൗൺസിലിൽ ആണ് ഭാസുരാംഗനെ പുറത്താക്കാൻ തീരുമാനിച്ചത്.മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും നീക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറങ്ങണമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്‍റെയും സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്പരിശോധന തുടങ്ങിയത്. എൻ. ഭാസുരാംഗൻ, മുൻ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രൻ, കെ മോഹനചന്ദ്ര കുമാർ, മാനേജർ എസ്. ശ്രീഗാർ, അപ്രൈസർ കെ. അനിൽകുമാർ എന്നിവരുടെ വീടുകളിലാണു പരിശോധന. അനധികൃതമായി ജീവനക്കാർക്കു ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ട്.

കണ്ടല ബാങ്കിലെ മുഖ്യ പ്രതിസ്ഥാനത്തുള്ള ഭാസുരാംഗനെ സംരക്ഷിച്ചുവന്ന സിപിഐ നേതൃത്വത്തിന്‍റെ നിലപാടിനെതിരെ കനത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇഡി കുരുക്ക് മുറുകിയതോടെ ഇയാൾക്കെതിരെ ഇന്ന് പാർട്ടി നടപടിയെടുക്കുകയായിരുന്നു.