‘മഞ്ഞുമ്മൽ ബോയ്‌സ്’ നിര്‍മ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം; സൗബിന് നോട്ടീസ്, ഷോൺ ആന്‍റ്ണിയെ ചോദ്യം ചെയ്തു

Jaihind Webdesk
Tuesday, June 11, 2024

 

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആന്‍റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ  മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.

അതേസമയം, നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.