നിയമനം ആരുടെ അറിവോടെ? സ്വപ്നയുടെ സ്പേസ് പാർക്ക് നിയമനത്തിന് പിന്നാലെ ഇഡി; അന്വേഷണം

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ നിയമനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇഡി വിശദാംശങ്ങള്‍ തേടി. അന്വേഷണത്തിന്‍റെ  ഭാഗമായി ഇ.ഡി സ്പേസ് പാര്‍ക്ക്‌ സ്പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ്‌ കുറുപ്പിന്‍റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയച്ചു.

എം ശിവശങ്കര്‍ ഇടപ്പെട്ട് സ്പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്‍റായാണ് സ്വപ്നയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിലുള്ള ഐടി വകുപ്പിന്‍റെ സ്പേസ് പാര്‍ക്കിൽ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്ന സ്വപ്നാ സുരേഷിന്‍റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ ശസളമായി സ്വപ്നയ്ക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. അന്നത്തെ കെഎസ്‌ഐടിഐല്‍ എംഡി ജയശങ്കര്‍ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരേയൊരു നിയമന നടപടി.

സ്വര്‍ണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാ‍ട്ടര്‍ഹൗസ് കൂപ്പേഴ്സിന്‍റെ ജീവനക്കാരി മാത്രമെന്നായിരുന്നു സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വാദം. ഉത്തരവാദിത്തം പിഡബ്ള്യുസിക്കും റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് പ്രചരിപ്പിച്ച വിഷന്‍ ടെക്കിനും മാത്രമാണെന്ന വാദങ്ങളും അന്നുതന്നെ പരിഹാസ്യമായി. അന്നുയര്‍ന്ന ആരോപങ്ങളെ രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറം ബലപ്പെടുത്തുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ വാട്സ്‌ആപ്പ് ചാറ്റുകള്‍.

നിയമനം ശിവശങ്കര്‍ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്നാ സുരേഷിന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

Comments (0)
Add Comment