
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ‘ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ’ എന്ന പേരില്‍ ചൊവ്വാഴ്ച മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെ, കേസിലെ പ്രധാന പ്രതികളുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 73 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം സ്വര്‍ണ്ണക്കട്ടികള്‍ ഇ.ഡി കണ്ടെടുത്തു. ശബരിമലയിലെ സ്വര്‍ണ്ണപാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ഇവിടെയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്വര്‍ണ്ണം ചെമ്പാക്കി മാറ്റിയതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്‍ തെളിവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
2019-നും 2024-നും ഇടയില്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും ഇ.ഡി കസ്റ്റഡിയിലെടുത്തു. ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചന.