കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചതിന്റെ രേഖകള്‍ പുറത്ത്. 2023-ലാണ് സമന്‍സ് അയച്ചത്. നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വിവേക് കിരണിന് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. ‘വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം’ എന്നാണ് സമന്‍സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (PMLA) 50ാം വകുപ്പിലെ ഉപവകുപ്പുകള്‍ പ്രകാരമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. വിവേക് കിരണ്‍ ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസമാണ് ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10.30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് വിവേക് കിരണിന് നിര്‍ദേശം നല്‍കിയിരുന്നത്. ഹാജരാകുമ്പോള്‍ ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവേക് അന്ന് ഹാജരായിരുന്നില്ല.
സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ വിവേകിനെതിരെ ഇ ഡി തുടര്‍നടപടി എടുത്തിരുന്നില്ല. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നുള്ള ആക്ഷേപം അന്നുതന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയ കണ്ടതും സംശയയത്തിന്റെ നിഴലിലായിരുന്നു. മാത്രമല്ല കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഡല്‍ഹി കേരളഹൗസില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതും ഇതിനോട് കൂട്ടിവായ്ക്കണം.
പ്രളയബാധിതര്‍ക്കായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ കൈക്കൂലി ഇടപാടാണ് ഇ.ഡി. അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ്, യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിന് പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയെടുക്കുന്നതിനായി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ സന്തോഷ് ഈപ്പന്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും എം. ശിവശങ്കറിനുമായി 4.40 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്ന് ഇ.ഡി. കണ്ടെത്തി. ശിവശങ്കറിനും ഈപ്പനും പുറമെ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍ തുടങ്ങിയവര്‍ക്കും കേസില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നിലവില്‍, ഈ കേസ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണ്.