സിഎം രവീന്ദ്രന് ഇഡി നോട്ടീസ് ; വെള്ളിയാഴ്ച ഹാജരാകാന്‍ നിർദ്ദേശം

 

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ 27ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം, ബിനാമി ഇടപാടുകളിലെ പങ്കിനെക്കുറിച്ചും ഇഡി വ്യക്തത വരുത്തും. അതേസമയം രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ സി.എം.രവീന്ദ്രനെയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനായി നോട്ടീസ് നൽകിയ സമയത്ത് സി.എം.രവീന്ദ്രന്‍ കൊവിഡ് പൊസീറ്റിവാവുകും ക്വാറന്‍റൈനിൽ പോവുകയുമായിരുന്നു. രണ്ടാഴ്ചയിലേറെ ക്വാറൻ്റൈനിൽ ഇരുന്ന രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയാക്കിയ ശേഷമാണ് ചോദ്യം ചെയ്യാനായി വീണ്ടും ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളെക്കുറിച്ചാണു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതും ചോദ്യം ചെയ്യലിൽ വിഷയമാകും.

Comments (0)
Add Comment