ന്യൂഡല്‍ഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി അഡീഷണൽ ഡയറക്ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ ബിആർഎസ് നേതാവ് കവിതയ്‌ക്കൊപ്പം കെജ്‌രിവാളിനെ ചോദ്യം ചെയ്യും. അതേസമയം കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യവിരുദ്ധവും പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗവുമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഇലക്ടറല്‍ ബോണ്ട് കേസിലുള്‍പ്പെടെ പ്രതിക്കൂട്ടിലുള്ള കേന്ദ്രസർക്കാരും ബിജെപിയും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
മദ്യനയ അഴിമതിക്കേസില്‍ 9 തവണ ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞദിവസം കെജ്‌രിവാളിന്‍റെ വസതിയിലെത്തിയ ഇഡി സംഘം അറസ്റ്റ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. തികച്ചും നാടകീയ നീക്കത്തിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്.