
ന്യൂഡല്‍ഹി: അഴിമതിക്കാരെയും കള്ളപ്പണക്കാരെയും അഴികള്‍ക്കുള്ളിലാക്കുമെന്ന് സ്ഥിരമായി പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കാര്യക്ഷമതയെക്കുറിച്ച് ലോക്സഭയില്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 6,312 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതില്‍ ശിക്ഷിക്കപ്പെട്ടത് വെറും 120 കേസുകളില്‍ മാത്രമാണെന്ന കണക്കുകള്‍ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. ഇ.ഡി.യുടെ പ്രവര്‍ത്തനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ‘വേട്ടയാടല്‍’ മാത്രമായി ചുരുങ്ങുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ വെളിപ്പെടുത്തിയ ഈ വിവരങ്ങള്‍.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ശത്രുഘ്നന്‍ സിന്‍ഹയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഈ കണക്കുകള്‍ പുറത്തുവിട്ടത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുമ്പോഴും, ശിക്ഷാ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്. ഇത് അന്വേഷണങ്ങളുടെ ഗുണനിലവാരത്തെയും രാഷ്ട്രീയ പക്ഷപാതിത്വത്തെയും വ്യക്തമായി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡി. 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ടത് കേവലം രണ്ട് കേസുകള്‍ മാത്രമാണ്. ഭരണകക്ഷിക്ക് രാഷ്ട്രീയമായി എതിരില്ലാത്തവരെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനുമുള്ള ഉപകരണമായി ഇ.ഡി. മാറിയെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ക്ക് ഈ കണക്കുകള്‍ ശക്തി പകരുന്നു.
പ്രത്യേകിച്ച് 2019-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 557 കേസുകളും 2020-21-ല്‍ 996 കേസുകളും എടുത്തു. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 2021-22 കാലത്താണ് (1,116 കേസുകള്‍). പിന്നീടുള്ള വര്‍ഷങ്ങളിലും ശരാശരി 700 കേസുകള്‍ കള്ളപ്പണക്കാര്‍ക്കെതിരെ ഈ ഏജന്‍സി കണ്ടെത്തി. 2019 ന് മുമ്പ് ഇത് 200-ല്‍ താഴെയായിരുന്നു. അതായത്, ഭരണകൂടത്തിന് രാഷ്ട്രീയ എതിരാളികളെ വരുതിയിലാക്കേണ്ട സാഹചര്യം വന്നതോടെ കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു.
അതേസമയം, 2019-ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത 93 കേസുകള്‍ മതിയായ തെളിവില്ലാത്തതിന്റെ പേരില്‍ അവസാനിപ്പിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയെ അറിയിച്ചു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ കേസുകള്‍ എടുക്കുകയും, പിന്നീട് തെളിവില്ലാതെ പിന്‍വലിക്കുകയും ചെയ്യുന്ന പതിവ് ഇ.ഡി.ക്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. ഇത്രയധികം കേസുകള്‍ കെട്ടിച്ചമയ്ക്കുകയും പരാജയപ്പെടുകയും ചെയ്യുമ്പോള്‍, ഇ.ഡി.യുടെ ഊര്‍ജ്ജം ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കാനാണ് ഉപയോഗിക്കുന്നതെന്ന പ്രതിപക്ഷ വാദം പ്രസക്തമാവുകയാണ്. രാജ്യത്ത് സാമ്പത്തിക നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ കേന്ദ്ര ഏജന്‍സി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ശക്തമായി അഭിപ്രായപ്പെട്ടു.