സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടി: സംസ്ഥാനത്തും ശക്തമായ പ്രതിഷേധം; ട്രെയിന്‍ തടയല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, July 26, 2022

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മോദി സർക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്ത് ഗാന്ധി പാർക്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യഗ്രഹം അനുഷ്ഠിക്കുന്നു. അതേസമയം സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി. തുടർന്ന് വനിതാ പ്രവർത്തകരെ ഉൾപ്പടെ പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി.

കോട്ടയം റെയിൽവേ സ്റ്റേഷനിലും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ട്രെയിൻ തടയാൻ എത്തിയ പ്രവർത്തകരെ റെയിൽവേ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നീക്കി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ്‌ ചിന്തു കുര്യൻ, നഗരസഭ കാൺസിലർ ടോം കോര, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാഹുൽ മറിയപ്പള്ളി, അരുൺ മർക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ജനശതാബ്ദി എക്സ്പ്രസ്സിന് മുമ്പിൽ പ്രതിഷേധിച്ച രാഹുൽ മറിയപ്പള്ളിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മലപ്പുറത്തും യൂത്ത് കോണ്‍ഗ്രസ് ട്രെയിൻ തടഞ്ഞു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിലമ്പൂർ – ഷൊർണൂർ ട്രയിനാണ് തടഞ്ഞത്. ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് സമരം ഉദ്ഘാടനം ചെയ്തു. നൂറ് നരേന്ദ്ര മോദിമാർ വിചാരിച്ചാലും സോണിയാ ഗാന്ധിയുടെ ഒന്നും ചെയ്യാനാവില്ലെന്ന് വി.എസ് ജോയ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി, ജില്ലാ പ്രസിഡന്‍റ് ഷാജി പാച്ചേനി തുടങ്ങിയവർ ട്രെയിൻ തടയൽ സമരത്തിന് നേതൃത്വം നൽകി. സമരത്തെ തുടർന്ന് 15 മിനിട്ട് ട്രയിൻ അങ്ങാടിപ്പുറത്ത് നിർത്തിയിട്ടു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സർക്കാർ വേട്ടയാടുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുകയാണ്.

ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിൻ ജോസഫിന്‍റെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊല്ലം റയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയുവാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്ളാറ്റ് ഫോമിൽ പോലീസ് തടഞ്ഞു. തുടർന്ന് സമരം മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം ട്രെയിൻ തടയാൻ ശ്രമിച്ച പ്രവർത്തകരും പോലിസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ആര്‍ അരുൺ രാജ്, ഫൈസൽ കുളപ്പാടം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.