ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ ഡൽഹിയിൽ വന്‍ പ്രതിഷേധം. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് നയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാഷ്ട്രപതി ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് ക്രൂരമായ നടപടിയാണ് സ്വീകരിച്ചത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു. രാഷ്ട്രപതിഭവന് മുന്നിലെ ബാരിക്കേഡ് മറികടന്നെത്തിയായിരുന്നു കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധം നയിച്ച രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മോദി സർക്കാരിന്‍റെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി സോണിയാ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഇഡി നടപടിക്കെതിരെ രാജ്യമെങ്ങും സത്യഗ്രഹവും ട്രെയിൻ തടയലുമായി പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ജൂലൈ 21 ന് സോണിയാ ഗാന്ധിയെ ഇഡി രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അനാരോഗ്യങ്ങള്‍ക്കിടെയും രാവിലെ 11 മണിയോടെ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.