കേന്ദ്രസര്‍ക്കാരിന്റെ വരുമാനവും ഇടിയും; സാമ്പത്തിക മാന്ദ്യം കാരണം ജി.എസ്.ടിയില്‍ 40000 കോടി കുറയും

Jaihind Webdesk
Thursday, September 5, 2019

 

മുംബൈ: രാജ്യം ഗുരുതരമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ജി.എസ്.ടി വരുമാനത്തിലും കനത്ത ഇടിവുണ്ടാകുമെന്ന് സാമ്പത്തിക രംഗത്തെ നിഗമനം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 40,000 കോടി രൂപയുടെ കുറവ് വരുമെന്നാണ് കണക്കാക്കപെടുന്നത്. സാമ്പത്തിക മാന്ദ്യം മൂലം വ്യാപാര രംഗത്തുണ്ടായ തളര്‍ച്ചയാണ് ഈ സ്ഥിതിക്ക് പ്രധാന കാരണം.

സംസ്ഥാനങ്ങള്‍ക്ക് 14 ശതമാനം അധിക നികുതി വിഹിതം കേന്ദ്രം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നതിനാല്‍ വരുമാനത്തിലെ ഇടിവ് കേന്ദ്ര സര്‍ക്കാരിനെയാണ് പ്രതികൂലമായി ബാധിക്കുക.
അതേസമയം, സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കാതെ, കാര്യങ്ങള്‍ ജനത്തോടു പറയാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തയാറാവണമെന്നും മാന്ദ്യം പരസ്യമായി അംഗീകരിക്കുന്നില്ലെങ്കില്‍ അതു പരിഹരിക്കാനുള്ള നടപടികള്‍ വ്യക്തമാക്കുകയെങ്കിലും വേണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു. സമ്പദ്വ്യവസ്ഥയുടെ ഇപ്പോഴത്തെ ദുരവസ്ഥയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചു. ജനാധിപത്യപരമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടോ? ബിജെപിയുടെ ദിശാബോധമില്ലായ്മയും കഴിവുകേടും വിഭാഗീയ രാഷ്ട്രീയവുമാണ് പ്രതിശീര്‍ഷ ഉല്‍പാദന വളര്‍ച്ച ഇടിയാന്‍ കാരണമെന്നും യച്ചൂരി ആരോപിച്ചു.

നികുതി മേഖലയിലെ പരിഷ്‌കാരങ്ങളും ബാങ്കുകളുടെ ലയനവുമുള്‍പ്പെടെ ഈയിടെ പ്രഖ്യാപിച്ച നടപടികള്‍ അനുകൂല പ്രതികരണമുണ്ടാക്കുന്നതിന്റെ സൂചനയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചരക്ക് സേവന നികുതി വരുമാനം കുറഞ്ഞിരിക്കുകയാണ്. ആദായ നികുതി വെട്ടിപ്പു പിടികൂടാന്‍ കര്‍ശന നടപടികള്‍ വേണ്ടെന്ന നിര്‍ദേശവും വരുമാനപരമായി വിപരീതഫലമുണ്ടാക്കുമെന്നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്കു ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിന്‍വലിക്കുന്നതായി ധനമന്ത്രി കഴിഞ്ഞ 23നു പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയുള്‍പ്പെടെ, ബിജെപി ഭരിക്കുന്ന 3 സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. സമ്പദ്വ്യവസ്ഥയെ നേരെയാക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച നടപടികളില്‍ മിക്കതിനെയും സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളായ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചുമുള്‍പ്പെടെ ചോദ്യം ചെയ്യുന്നു. പ്രതിസന്ധിയെ നേരിടാന്‍ തക്ക ഫലപ്രദമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു ലഭിക്കുന്നില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.