രാജ്യത്ത് സാമ്പത്തിക അസമത്വം രൂക്ഷം ; നീതി ആയോഗിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് , നിര്‍ണായക യോഗം ഇന്ന്

Jaihind News Bureau
Saturday, May 24, 2025

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അസമത്വം രൂക്ഷമാവുകയും സമ്പത്ത് ചുരുക്കം ചിലരുടെ കൈകളില്‍ കുന്നുകൂടുകയും ചെയ്യുമ്പോള്‍ എങ്ങനെയുള്ള ‘വികസിത ഭാരത’മാണ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച (മെയ് 24, 2025) നടക്കുന്ന നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗം ശ്രദ്ധതിരിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെ ‘മനഃപൂര്‍വം അവഹേളിക്കാനും ഇല്ലാതാക്കാനുമാണ് ‘ കേന്ദ്രം ശ്രമിക്കുന്നതെന്നും ജയറാം രമേശ് ആരോപിച്ചു. നീതി ആയോഗ് മതിയായ യോഗ്യതകളില്ലാത്ത സമിതിയാണെന്നും അദ്ദേഹം ആരോപിച്ചു.

വികസിത ഭാരതം എന്ന ലക്ഷ്യത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്:

1.അധികാരത്തിലിരിക്കുന്നവര്‍ തന്നെ വിദ്വേഷകരമായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സാമൂഹിക സൗഹൃദത്തിന്റെ ബന്ധങ്ങള്‍ തകര്‍ത്താല്‍ എങ്ങനെയുള്ള വികസിത ഭാരതമായിരിക്കും അത്?’

2. ദുരുദ്ദേശപരമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി പാര്‍ലമെന്റ്, നീതിന്യായ വ്യവസ്ഥ, സര്‍വ്വകലാശാലകള്‍, മാധ്യമങ്ങള്‍, ഭരണഘടനാപരവും നിയമപരവുമായ സ്ഥാപനങ്ങള്‍ എന്നിവയെ അധികാരത്തിലിരിക്കുന്നവര്‍ തന്നെ അട്ടിമറിച്ചാല്‍ എങ്ങനെയുള്ള വികസിത ഭാരതമായിരിക്കും അത്?

3. ഇന്ത്യ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ലോകം മുഴുവന്‍ കാണ്‍കെ ആസൂത്രിതമായി ആക്രമിക്കപ്പെട്ടാല്‍ എങ്ങനെയുള്ള വികസിത് ഭാരതമായിരിക്കും അത്?’

4. സമ്പത്ത് ചുരുക്കം ചിലരുടെ കൈകളില്‍ കുന്നുകൂടുകയും സാമ്പത്തിക അസമത്വങ്ങളും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയുള്ള വികസിത് ഭാരതമായിരിക്കും അത്?’

5. ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെ ബോധപൂര്‍വം അവഹേളിക്കാനും ഇല്ലാതാക്കാനും ശ്രമിച്ചാല്‍ എങ്ങനെയുള്ള വികസിത് ഭാരതമായിരിക്കും അത്?’

6. അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, അഭിപ്രായം പറഞ്ഞതിന് ശേഷമുള്ള സ്വാതന്ത്ര്യവും അപകടത്തിലാകുന്ന ഒരു വികസിത് ഭാരതം എങ്ങനെയുള്ളതായിരിക്കും?’

7. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗം, ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ യോഗം ‘കാപട്യത്തിന്റെയും വഴിതിരിച്ചുവിടലിന്റെയും മറ്റൊരു അഭ്യാസം മാത്രമാണ്’

2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘വികസിത് ഭാരത്@2047 നായുള്ള വികസിത് രാജ്യം’ എന്നതാണ് യോഗത്തിന്റെ പ്രമേയം. സിന്ദൂര്‍ഓപ്പറേഷനു ശേഷം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ പ്രധാന യോഗമായിരിക്കും ഇത്. എല്ലാ സംസ്ഥാനങ്ങളെയും ‘ടീം ഇന്ത്യ’യായി ഒരുമിപ്പിക്കുക എന്നതാണ് ലക്ഷ്യവുമായാണ് പത്താമത് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ ചേരുന്നതെന്നാണ് നിതി ആയോഗിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ അധ്യക്ഷത വഹിക്കും.

രാജ്യത്തുടനീളം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 2024 ഡിസംബര്‍ 13 മുതല്‍ 15 വരെ നടന്ന നാലാമത് ദേശീയ ചീഫ് സെക്രട്ടറിമാരുടെ കോണ്‍ഫറന്‍സിലെ വിഷയങ്ങളില്‍ സമവായം രൂപീകരിക്കുന്നതിലും നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിതി ആയോഗ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.