തേജ് ബഹാദൂറിന്റെ പത്രിക തള്ളി; വാരാണസിയിൽ എസ്.പിയ്ക്ക് സ്ഥാനാർഥിയുണ്ടാകില്ല

Jaihind Webdesk
Wednesday, May 1, 2019

വാരാണസിയിലെ എസ്.പി സ്ഥാനാർഥി തേജ് ബഹാദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതോടെയാണ് പത്രിക തള്ളിയത്. ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹാദൂറിനെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇന്നലെ വൈകിട്ട് വരെ സമയം നൽകിയിരുന്നു. അഴിമതിയോ വഞ്ചനയോ കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷത്തേക്കു മത്സരിക്കാൻ സാധിക്കില്ലെന്നു കമ്മിഷൻ അറിയിച്ചു.

സൈന്യത്തിനു നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ച് ബഹാദൂർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു വിവാദമായതോടെയാണു പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്കു വന്ന ഇദ്ദേഹത്തെ എസ്പി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പത്രിക തള്ളിയതോടെ എസ്പി–ബിഎസ്പി സഖ്യത്തിന് വാരാണസിയിൽ സ്ഥാനാർഥി ഇല്ലാതായി.

അതേസമയം നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ പറഞ്ഞു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടും പത്രിക തള്ളുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അജയ് റായ് ആണ് വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി.