ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേന എന്ന് പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന്റെ നടപടി. വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഗാസിയാബാദിലും ഗ്രെയ്റ്റർ നോയിഡയിലും നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായാണ് മോദിയെ പുകഴ്ത്തി സംസാരിച്ച് ആദിത്യനാഥ് വെട്ടിൽവീണത്. ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഭീകരർക്ക് ബിരിയാണി വിളമ്പുമ്പോള്‍ മോദിയുടെ സൈന്യം ഭീകരർക്കു നേരെ ബുള്ളറ്റും ബോംബുകളും അയച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സ്വകാര്യ സേനയല്ല ഇന്ത്യൻ സൈന്യമെന്നും പരാമര്‍ശം പിന്‍വലിച്ച് ആദിത്യനാഥ് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.