മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു : പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കണം

Jaihind Webdesk
Friday, March 15, 2019

കെഎസ്ആർടിസി ബസുകളിലും സർക്കാർ വെബ്‌സൈറ്റുകളിലുമുളള പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വകുപ്പ് തലവൻമാർക്ക് നിർദ്ദേശം നൽകി. സർക്കാർ സൈറ്റുകളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങൾ പാടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി.

മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിൻറെ ഭാഗമായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സർക്കാർ പരസ്യങ്ങൾ നീക്കാൻ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി നിർദ്ദേശം നൽകിയത്. കെഎസ്ആർടിസി ബസുകളിൽ സർക്കാരിൻറെ ആയിരം ദിനങ്ങൾ സംബന്ധിച്ച് നൽകിയിട്ടുളള പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും ട്രാൻസ്‌പോർട്ട് സെക്രട്ടറിക്കും നിർദ്ദേശം നൽകി.

https://youtu.be/VIENo5R1nTc

സർക്കാർ സൈറ്റുകളിലെ പരസ്യങ്ങൾ നീക്കാൻ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിച്ചു. സർക്കാർ സൈറ്റുകളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ പരസ്യ സ്വഭാവമുളള വാചകങ്ങളോ പാടില്ല. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുളള ഫ്ളക്‌സ് ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യാൻ ആവശ്യമായ സഹായം ചെയ്യാൻ പൊലീസിനും നിർദ്ദേശം നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. അതിനിടെ, ഇടത് ധിക്കാരവും വലത് വഞ്ചനയും എന്ന പേരിൽ ശബരിമല കർമ സമിതി പുറത്തിറക്കിയ നോട്ടീസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ടീക്കാറാം മീണ പറഞ്ഞു.