ബംഗാളില്‍ പരസ്യപ്രചാരണം വെട്ടിക്കുറച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക അധികാരം ഉപയോഗിച്ചു; നടപടി ബി.ജെ.പി-തൃണമുല്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍

Wednesday, May 15, 2019

ബംഗാളില്‍ ബി.ജെ.പി – തൃണമുല്‍ കോണ്‍ഗ്രസ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പരസ്യപ്രചാരണം നാളെ രാത്രി 10വരെയാക്കി വെട്ടിക്കുറച്ചു. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. മറ്റന്നാള്‍ വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കേണ്ടിയിരുന്നത്.

ബംഗാളില്‍ അമിത്ഷായുടെ റാലിക്കിടെ സാമൂഹ്യപരിഷ്‌കര്‍ത്താവ് ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോകള്‍ സഹിതം പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കമ്മീഷന് കൈമാറി. അതേസമയം, സംഘര്‍ഷത്തിന് കാരണം തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച അമിത്ഷാ, മമതയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു. സംഘര്‍ഷത്തില്‍ അമിത്ഷായ്‌ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.

അവസാനഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബംഗാളിന്റെ വികാരമായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂല്‍. പ്രതിമ നിലനിന്ന കോളജിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിലായിരുന്നുവെന്നും അമിത്ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.ജെപിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് തൃണമൂല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍.