മോദിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങി; രാഹുല്‍ഗാന്ധി

Jaihind Webdesk
Sunday, May 19, 2019

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നിലപാടിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.
‘ഇലക്ടറല്‍ ബോണ്ട്, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, തെരഞ്ഞെടുപ്പ് തീയതികളുടെ തീരുമാനം, നമോ ടി.വി, മോദിയുടെ സേന, ഇപ്പോള്‍ കേദര്‍നാഥിലെ നാടകവും…. മോദിക്കും കൂട്ടര്‍ക്കും മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങിയിരിക്കുകയാണെന്ന് ഇന്ത്യക്കാര്‍ക്ക് വ്യക്തമാണ്.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബഹുമാനവും നീതിപൂര്‍വ്വവും ആയിരുന്നു. ഇനിയങ്ങനെയല്ല’ രാഹുല്‍ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടത് മോദിയുടെ സൗകര്യത്തിന് അനുസരിച്ചാണെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആക്ഷേപം ഉന്നയിക്കുകയും പോളിങ് ദിവസങ്ങളില്‍ രാജ്യത്തിന്റെ പലയിടങ്ങളിലും വോട്ടിങ് മെഷീനില്‍ തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വി.വി.പാറ്റുകള്‍ എണ്ണണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സുപ്രീംകോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമല്ലാത്ത ഉത്തരവാണ് ഉണ്ടായത്. മോദിയുടെയും അമിത് ഷായുടെയും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വ്യാപകമായി ക്ലീന്‍ ചിറ്റ് നല്‍കുന്ന നടപടിയും വിമര്‍ശനത്തിന് ഇരയായി.

ഇതിനൊക്കെ ശേഷമാണ് ഇന്ന് ഏഴാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിക്കുകയും ധ്യാനത്തിലിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനോടൊക്കെയും മൗനം പാലിക്കുകയും ബി.ജെ.പിക്കും മോദിക്കും അനുകൂലമായ നിലപാടുകള്‍ കൈക്കൊള്ളുകയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്.  ലോക്സഭാ തെരഞ്ഞെടുപ്പിനായി എത്തിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ചുയരുന്ന വ്യാപക പരാതികളില്‍ ആശങ്ക പങ്കുവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തുവന്നിരുന്നു. ഇവിഎമ്മുകള്‍ പല തരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ പല പ്രശ്നങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം ആയിരക്കണക്കിന് ഇവിഎമ്മുകളാണ് കേടായത്. പലയിടത്തും അട്ടിമറി ആരോപണം ഉയര്‍ന്നിരിക്കുന്നു. ബൂത്തുകളിലേക്ക് എത്തിക്കുന്ന ഇ.വി.എമ്മുകള്‍ യാത്രാമധ്യേ കാണാതാവുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറുകള്‍ കഴിയുന്നതിനകം സ്ട്രോങ് റൂമുകളില്‍ നിന്നും ട്രക്കുകളില്‍ കയറ്റി ഇവിഎം കൊണ്ടുപോകുന്നു. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്? അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് സുഗമമായും സത്യസന്ധമായും നടക്കേണ്ട ഒന്നാണ്. അക്കാര്യത്തില്‍ സംശയമില്ല. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തെരഞ്ഞെടുപ്പ്. അതില്‍ ഒരു സംശയമോ ആരോപണമോ ഒരു തരത്തിലും ഉയരാന്‍ പാടില്ല- ജനതാ കാ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ വിഷയം തീര്‍ച്ചയായും ലോക്സഭയില്‍ ഉന്നയിച്ചിരിക്കുമെന്നും തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയം തന്നെയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയെ രാഹുല്‍ പിന്തുണച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍എസ്എസ് പറയുന്നതിനനുസരിച്ച് നീങ്ങുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിച്ചുരുക്കിയ കമ്മീഷന്റെ നടപടി തികച്ചും തെറ്റാണെന്നാണ് തന്റെ അഭിപ്രായം.

”തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിയുക്തമായല്ല പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര മോദിയുടെ കാമ്പയിന് അനുമതി നല്‍കുന്നു. അതേസമയം മറ്റു പാര്‍ട്ടികളെ വിലക്കുകയും ചെയ്യുന്നു. ഇത് ശരിയല്ല-രാഹുല്‍ പറഞ്ഞു.