ആർ.ടി ഓഫീസിൽ അതിക്രമം ; യൂട്യൂബർമാർ റിമാൻഡിൽ

Jaihind Webdesk
Monday, August 9, 2021

കണ്ണൂർ ആർ. ടി.ഒ ഓഫീസിൽ അതിക്രമം കാണിച്ചതിന് യു ട്യൂബ് വ്ലാേഗർമാരായ കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ സഹോദരങ്ങളെ കണ്ണൂർ ടൗൺ പൊലീസ് റിമാൻഡ് ചെയ്തു. കണ്ണൂർ ആർടിഒ യുടെ പരാതിയിലാണ് നടപടി. ഇരിട്ടി കിളിയന്തറ വിളമനയിലെ നുച്യാട്ട് ഹൗസിലെ എബിൻ, ലിബിൻ എന്നിവരെയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ വീഡിയോ കോൺഫ്രൻസ് വഴി ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.

അനുമതിയില്ലാതെ വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തി തുടങ്ങിയ ഒൻപതു കുറ്റങ്ങൾ ചുമത്തിയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം യൂട്യൂബർമാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനത്തിൻ്റെ ഉടമകളും യുട്യുബർമാരായ എബിൻ, ലിബിൻ എന്നിവർ
ആർ ടി ഓഫിസിൽ എത്തി ബഹളം വച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയായിരുന്നു.

കണ്ണൂർ ആർ.ടി. ഓഫീസിലെത്തിയ ഇരുവരും തട്ടിക്കയറുകയും ജോലി തടസപ്പെടുത്തി എന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
തുടർന്ന് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ആർ.ടി. ഓഫീസിലെത്തിയ യൂട്യൂബർമാർ ഓഫീസിൽനിന്ന് ഫെയ്സ്ബുക്ക് ലൈവും ഇട്ടിരുന്നു. ഇതറിഞ്ഞ് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്. പൊലീസ് സ്റ്റേഷന് അകത്തും, ഇരു യുവാക്കളും ബഹളം വെച്ചു.. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴും ബഹളം ഉണ്ടാക്കി.

വ്‌ളോഗർമാർക്ക് എതിരേ ആർടി ഓഫിസിൽ ഓഫിസിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തി എന്നി കുറ്റങ്ങളാണ് ചുമത്തിയത്. കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴും ഇരുവരുബഹളം വെച്ചു. ഇരുവരെയും കണ്ണൂർ കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതിയിൽ നടപടികളിലേക്ക് കടക്കാതെ മറ്റു നടപടികൾ വിഡിയോ കോൺഫറൻസിലേക്ക് മാറ്റുകയായിരുന്നു.