യേശുക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മ പുതുക്കി ഈസ്റ്റര്‍ ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

Jaihind Webdesk
Sunday, March 31, 2024

യേശുക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മ പുതുക്കി കൊണ്ടുള്ള ഈസ്റ്റര്‍ ആഘോഷത്തിന് തുടക്കമായി. ആരാധനാലയങ്ങളിലെല്ലാം തന്നെ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. യേശുക്രിസ്തു കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ ഉയർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്‍റെ ഓർമ്മപ്പെടുത്തലോടു കൂടിയാണ് ഇന്ന് ലോകമെന്പാടുമുള്ള ക്രെെസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഈസ്റ്റർ ദിനവും.

ശനിയാഴ്ച രാത്രിയോടു കൂടി തന്നെ ദേവാവയങ്ങളില്‍ ഈസ്റ്റർ ദിനത്തിനെ വരവേറ്റുകൊണ്ടുള്ള ഉയിർപ്പ് ശുശ്രൂഷകള്‍ നടന്നു. വിശുദ്ധ വാരത്തിലെ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കാറുള്ളത്. പ്രതിസന്ധികളെ തരണം ചെയ്തു സ്നേഹത്തിന്‍റെയും കരുണയുടെയും മൂല്യങ്ങള്‍ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. ഓശാന ഞായറില്‍ നിന്നും തുടങ്ങുന്ന വിശുദ്ധ വാരത്തിന്‍റെ സമാപനവും 50 നോമ്പാചാരണത്തിന്‍റെ അവസാനവും കൂടിയാണ് ഈസ്റ്റർ ദിനം.