ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഹരിയാനയിലം ജജ്ജാറാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച ജജ്ജാറില്‍ 4.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി 7:49 ന് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജജ്ജറില്‍ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തിലാണ്. ഡല്‍ഹി – എന്‍സിആര്‍ മേഖലയില്‍ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ഗുരുഗ്രാമിലുമുള്ള നിരവധി പേരാണ് ഭൂചലനമുണ്ടായതിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വ്യാഴാഴ്ച രാവിലെ 9:04 ന് ജജ്ജറിന് അടുത്തായി 4.4 തീവ്രതയുള്ള ഒരു ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ പ്രഭവകേന്ദ്രം ജജ്ജറിന് മൂന്ന് കിലോമീറ്റര്‍ അടുത്താണ്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 51 കിലോമീറ്റര്‍ ദൂരെയാണ് ഈ മേഖല. ഈ ഭൂകമ്പവും 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നായിരുന്നു. റോഹ്തക്, ഗുരുഗ്രാം, പാനിപ്പത്ത്, ഹിസാര്‍ തുടങ്ങിയ അടുത്തുള്ള ജില്ലകളിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയിഡ, മീററ്റ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.