വഞ്ചിയൂർ സബ് ട്രഷറിയില്‍ രണ്ട് കോടിയുടെ തട്ടിപ്പ്; ഉദ്യോഗസ്ഥൻ തുക തട്ടിയെടുത്തത് ജില്ലാ കളക്‌ടറുടെ അക്കൗണ്ടിൽ നിന്നും

Jaihind News Bureau
Saturday, August 1, 2020

 

തിരുവനന്തപുരം ജില്ലാ കളക്‌ടറുടെ അക്കൗണ്ടിൽ നിന്ന് ട്രഷറി ഉദ്യോഗസ്ഥൻ രണ്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ  എന്ന് വ്യക്തമായിട്ടില്ല. തട്ടിപ്പ് പുറത്ത് വന്നതോടെ  കോടികളുടെ ഇടപാട് നടക്കുന്ന ട്രഷറി വകുപ്പിൽ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗസ്ഥർ ചുമതലയിലില്ലെന്ന ആക്ഷേപം കൂടി ശക്തമാവുകയാണ്.

വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്‌ടറെയും വ്യാഴാഴ്ച അറിയിച്ചതായാണ് വിവരം. എന്നാൽ  ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31ന് സർവീസിൽനിന്ന് വിരമിച്ചു. അതിന് രണ്ടുമാസം മുമ്പ് അദ്ദേഹം വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്‌ടറുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയർ അക്കൗണ്ടന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ജില്ലാ കലക്‌ടറുടെ അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയ ഉടനെ  ഇടപാടിന്‍റെ വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് സീനിയർ അക്കൗണ്ടന്‍റ് ഡിലീറ്റ് ചെയ്തു. എന്നാൽ, പണം കൈമാറ്റത്തിനുള്ള ‘ഡേ ബുക്കി’ൽ രണ്ട് കോടിയുടെ വ്യത്യാസം കാണപ്പെട്ടു. 27നാണ് രണ്ടു കോടി രൂപ അടിച്ചുമാറ്റിയതെങ്കിലും ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് ഡേ ബുക് സമർപ്പിക്കാനായില്ല. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസർനെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് ട്രഷറി ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുന്നത്.കൂടുതൽ തുക ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടാവാം എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.. യാതൊരു വിധ സാങ്കേതിക യോഗ്യതയും ഇല്ലാത്ത  സീനിയർ സൂപ്രണ്ടിനാണ് ഐടി – സെർവർ ഉൾപ്പെടെയുള്ളവയുടെ ചുമതല.വിരമിച്ചവരുടെ പാസ് വേഡ്, യൂസർ ഐഡി എന്നിവ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ കൃത്യമായി അറിയാമായിരുന്നിട്ടും അത് മാറ്റാതിരുന്നത് ഇത്തരം കാര്യങ്ങളെപ്പറ്റി ചുമതലക്കാർക്ക് ധാരണയില്ലാത്തതുകൊണ്ടാണ്. എന്നാൽ, ട്രഷറി വകുപ്പിൽ തന്നെ സാങ്കേതിക യോഗ്യതയുള്ളവരുണ്ടെങ്കിലും അവരെ ഇത്തരം ചുമതലകളിൽ നിയോഗിക്കാൻ അധികൃതർ തയാറായിട്ടില്ല.