
കേരളത്തില്‍ അതിവേഗ റെയില്‍പാത പദ്ധതി നടപ്പാക്കുന്നതിലേക്ക് റെയില്‍വേ മുന്നോട്ടെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ. ശ്രീധരന്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തുന്ന ഹൈസ്പീഡ് റെയിലിന് സംസ്ഥാനത്താകെ 22 സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 15 ദിവസത്തിനകം റെയില്‍വേ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി.
അതിവേഗ റെയില്‍പാത പദ്ധതിയുടെ 70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമായിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും റെയില്‍പാത കടന്നുപോകുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 22 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കുമെന്നു ഇ ശ്രീധരന്‍ പറഞ്ഞു.
ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും. തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 1 മണിക്കൂര്‍ 20 മിനിറ്റ്, തിരുവനന്തപുരം-കോഴിക്കോട് 2 മണിക്കൂര്‍ 30 മിനിറ്റ്, തിരുവനന്തപുരം-കണ്ണൂര്‍ 3 മണിക്കൂര്‍ 50 മിനിറ്റ് എന്നിങ്ങനെയാണ് കണക്കാക്കിയ യാത്രാസമയം. ആദ്യഘട്ടത്തില്‍ 8 കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഓടുക. ഓരോ ട്രെയിനിലും 560 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കോച്ചുകള്‍ കൂട്ടുമെന്നും ഓരോ അഞ്ച് മിനിറ്റിലും സര്‍വീസ് നടത്താനാണ് പദ്ധതിയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
പദ്ധതിക്കായി ആവശ്യത്തിന് മാത്രം സ്ഥലമേറ്റെടുക്കും. തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഭൂമി വ്യവസ്ഥകളോടെ ഉടമകള്‍ക്ക് തിരികെ നല്‍കും. വീടുകള്‍ പണിയാന്‍ അനുവദിക്കില്ലെങ്കിലും കൃഷി ഉള്‍പ്പെടെയുള്ള ഉപയോഗങ്ങള്‍ അനുവദിക്കും. ജനവാസ മേഖലകളില്‍ തുരങ്കപാതയ്ക്കാണ് മുന്‍ഗണന. അതേസമയം, നിലവിലെ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.