ഇ-മൊബിലിറ്റി പദ്ധതി: ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പിഡബ്ല്യൂസിയുടേയും ഹെസിന്‍റേയും പ്രതിനിധികള്‍ ഒരുമിച്ച് പങ്കെടുത്തു; ഹെസുമായി നേരത്തെ ധാരണ ഉണ്ടാക്കിയതിന്‍റെ തെളിവുകള്‍ ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Saturday, July 4, 2020

 

ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇ-ബസ് നിർമ്മാണ പദ്ധതി സംബന്ധിച്ച്  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെയും ഹെസിന്‍റേയും പ്രതിനിധികള്‍ ഒരുമിച്ച് പങ്കെടുത്തതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. ധാരണപത്രം ഒപ്പിടാത്ത കമ്പനി സർക്കാർ വിളിച്ച യോഗത്തിൽ കൺസൾട്ടൻസിക്കാരോടൊപ്പം പങ്കെടുത്തതിന്‍റെ മിനിറ്റ്സിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സാധാരണനിലയില്‍ കൺസൾട്ടൻസി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് കമ്പനി ഏതെന്ന് നിശ്ചയിക്കുന്നത്. എന്നാല്‍ ഇവിടെ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ടിനു മുമ്പ് തന്നെ കമ്പനിയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.  കമ്പനിയും കൺസൾട്ടൻസിയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുത്തത് ഹെസ് കമ്പനിയുമായി നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയതിന്‍റെ ശക്തമായ തെളിവാണ്.