തിരുവനന്തപുരം: പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളടക്കമുള്ള പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാന്‍റ്സ് തുക ലഭ്യമാക്കാത്ത വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണനെ സന്ദർശിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധം രേഖപ്പെടുത്തി. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിലുളള പ്രതിനിധികളാണ് മന്ത്രിയെ കണ്ട് വിദ്യാർത്ഥികളുടെ ആശങ്കകൾ അറിയിച്ചത്. ധൂർത്തിനല്ല മറിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
അതേസമയം ഗവേഷക വിദ്യാർത്ഥികൾക്കടക്കമുള്ള ഫെല്ലോഷിപ്പ് തുക ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥി സമൂഹത്തെ സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ മുൻനിരയിലുണ്ടാവുമെന്നും സംസ്ഥാന പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി സിംജോ സാമുവൽ സഖറിയ, കൺവീനർ ആഘോഷ് വി. സുരേഷ്, എന്നിവരും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റിനൊപ്പമുണ്ടായിരുന്നു.